‘എംപുരാന്’ പ്രദര്‍ശനം തടയണമെന്ന് ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി
കൊച്ചി: വിവാദങ്ങള്‍ക്കിടെ എംപുരാന് സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഹര്‍ജിയില്‍ സിനിമ മതവിദ്വേഷത്തിനും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതിനും വഴിയൊരുക്കുന്നുവെന്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡ്, ടീം എംപുരാന്, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. സിനിമയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ഏജന്‍സികളുടേയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളുണ്ടെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു. കൂടാതെ, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും അനാവശ്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത് വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുമെന്ന പരാതിയോടൊപ്പം, എംപുരാന് സിനിമയെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യമുണ്ട്. പൃഥ്വിരാജ് തുടർച്ചയായി തന്റെ സിനിമകളിലൂടെ കേന്ദ്ര സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കൂടാതെ, സിനിമയില്‍ മതവിദ്വേഷ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡിജിപി അന്വേഷണം നടത്തണമെന്ന ആവശ്യം ഹര്ജിക്കാരന് മുന്നോട്ടുവച്ചിട്ടുണ്ട്.